പുറത്ത് പതുക്കെ മഴ പെയ്തു തീരുന്നു........എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് , ചിന്നിച്ചിതറി പെയ്തൊഴിയുന്ന മഴ...വിടവാങ്ങലുകളുടെ തേങ്ങലോടെ
എനിക്കെന്തിഷ്ടമാണ് മഴ... എനിക്ക് മാത്രമാണോ..? മനസ്സില്‍ സ്വല്പമെങ്കിലും സ്‌നേഹമോ, പ്രണയമോ, വിരഹമോ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും പ്രിയങ്കരിയാണ് മഴ.. നനുനനുത്ത മഴയില്‍ പ്രിയപ്പെട്ടവളുടെ അരികു ചേര്‍ന്നിരുന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കൊതിക്കാത്ത ആരുമുണ്ടാവില്ല... എന്ന് മുതലാണ് ഞാന്‍ മഴയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്..? അറിയില്ല... എനിക്കോര്‍മ്മ വച്ച കാലം മുതല്‍ എനിക്കിഷ്ടമാണ് മഴ.. വയ്കുന്നേരങ്ങളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്ര എന്നും ഒരാഘോഷം തന്നെയായിരുന്നു..
നിന്റെ കൈ പിടിച്ചെത്തുന്ന പുലരികളെല്ലാം എനിക്ക് പച്ചയും വെള്ളയും യൂണിഫോമണിഞ്ഞ സ്കൂള്‍ ദിനങ്ങളാണു...........വെള്ളം ചിന്നിച്ചിതറിപ്പായിച്ചു കുസൃതിച്ചിരി പൊഴിക്കുന്ന വര്‍ണ്ണക്കുടകള്‍...ചെളിവെള്ളം മത്സരിച്ച് തട്ടിത്തെറിപ്പിച്ച് മഴയില്‍ കുതിര്‍ന്നു പോയ വാശിക്കൊടുവിലെ ഇണക്കങ്ങള്‍..
നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കും, പുഴയിലുടെ ഒഴുകി വരുന്ന തേങ്ങയും, തടികളും മറ്റും കരക്കടുപ്പിക്കുന്ന നാണുവേട്ടനും, ചെറു ചൂണ്ടകളുമായി കണ്ടങ്ങളിലും തോടുകളിലുമിരിക്കുന്ന കുട്ടികളുമൊക്കെ ഒരു സ്ഥിരം മഴക്കാഴ്ചയാണ്. വേനലവധി കഴിഞ്ഞു പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി ആദ്യമായി സ്‌കൂളിലേക്ക് പോവുമ്പോള്‍ ഒരു കൊച്ചു കൂടുകാരനെപ്പോലെ കൈ പിടിച്ചു നടക്കാന്‍ മഴയുണ്ടാവും. മാനത്ത് ഏഴ് നിറങ്ങളില്‍ വിരിയുന്ന മഴവില്ല് എത്ര കൌതുകത്തോടെയാണ് ആ കുട്ടിക്കാലത്ത് നോക്കിനിന്നിട്ടുള്ളത്.
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്? ഒരു ചെറു പുഞ്ചിരിയോടെ ഒരു കാമുകിയുടെ ഭാവവുമായി വരുന്ന നനുനുത്ത ചാറ്റല്‍ മഴ.. മറ്റു ചിലപ്പോള്‍ ഒരു വിഷാദ ഭാവത്തോടെ ഇരുണ്ടുമൂടി, തന്റെ പ്രിയപ്പെട്ടവന്‍ തന്നെ പിരിയുമ്പോള്‍, താന്‍ കരഞ്ഞാല്‍ അവന് വിഷമമാവുമെന്നു ഭയന്ന്, എല്ലാ ദുഖവും ഉള്ളിലൊതുക്കി.. അവന്‍ കണ്മുന്നില്‍ നിന്നു മാഞ്ഞു പോയിക്കഴിഞ്ഞാല്‍... ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന ഒരു ഭാര്യയുടെ ഭാവവുമായി നില്ക്കും. അതുമല്ലെങ്കില്‍ എല്ലാം നശിപ്പിക്കാനുള്ള കോപവുമായി, എല്ലാം കത്തിച്ചു ചാമ്പലാക്കാന്‍ മിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ ഒരു ഉഗ്രരൂപിണിയായി വന്ന് ആടിത്തിമര്‍ക്കും...
എങ്കിലും ജാലകത്തിന്റെ ഇത്തിരിക്കാഴ്ചകളിലൂടെ ഇന്നു നിന്നെ കാണുമ്പോള്‍ നിനക്കെന്തേ ഭംഗിയില്ലാത്തതു.......നിന്റെ ഈണങ്ങളെന്തേ വിരസമാവുന്നതു.......മടുപ്പിക് കുന്ന ഇരുണ്ട ഭാവങ്ങള്‍ മാത്രം...അവസാനത്തെ തുള്ളികളുടെ തുളുമ്പിപെയ്യലില്‍ എനിക്കുള്ള മറുപടി കാണാതിരിക്കില്ല...പനിയുടെ ഉള്‍ച്ചൂടില്‍ നിന്റെയീണങ്ങളെ തൊട്ടെടുക്കാനാവില്ലെന്നു ഞാന്‍ വൈകിയാണെങ്കിലും മനസ്സിലാക്കുന്നു.....ഈ പനിയും നീ സമ്മാനിച്ചതാണു..പുതപ്പിനുള്ളി ലേക്ക് ചുരുണ്ടു കൂടി മറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകളെല്ലാം വീണ്ടും വിരിയിച്ചെടുക്കാന്‍...അടുത്ത മഴയില്‍ നിന്നിലേക്ക് മടങ്ങാന്‍ ഒരുപാട് ഓര്‍മ്മകളുമായ് ഞാന്‍ കാത്തിരിക്കാം..........
നന്ദി ..
ReplyDelete